സംസ്ഥാനമൊട്ടാകെ സ്കൂളുകൾ പുതുവത്സരാഘോഷത്തിൻ്റെ തിരക്കിലാണ്. മധ്യവേനലവധിക്ക് ശേഷം നാളെമുതലാണ് സ്കൂളുകൾ തുറക്കുന്നത്. ആയതിനാൽ തന്നെ കുരുന്നുകളെ സ്വീകരിക്കാൻ തയ്യാറായിരിക്കുകയാണ് ഏരൂർ ജി എൽ പി എസിലെ അധ്യാപകർ. പല ക്ലാസുകളിലായി ഏകദേശം നൂറോളം വിദ്യാർഥികളാണ് സ്കൂളിലേക്ക് പുതുതായി കടന്നു വരുന്നത്. 

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് തയ്യാറെടുപ്പുകൾ വളരെ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ യോഗം വിളിച്ചു കൂട്ടുകയും സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ചർച്ചയിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കുകയും ക്ലാസ് മുറികൾ സജ്ജീകരിക്കുയും ചെയ്തു. സ്കൂളിന് പുറമെയുള്ള പെയിൻ്റിംഗ് വർക്കുകൾ നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. 

ഒന്നാം ക്ലാസ്സിൽ മാത്രം ഏകദേശം എഴുപതോളം കുട്ടികൾ അഡ്മിഷൻ എടുത്തിട്ടുണ്ട്. പുതുതായി അഡ്മിഷൻ എടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർക്കാർ വക യൂണിഫോമും പാഠപുസ്തകങ്ങളും സൗജന്യമാണ്. കൂടാതെ ഈ വർഷത്തെ സ്കൂളിൻ്റെ ഭൗതികവും അക്കാദമികവുമായ വികസന പ്രവർത്തനങ്ങൾക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ധാരാളം പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്