ആഘോഷപൂർവ്വം കുരുന്നുകളെ സ്വാഗതം ചെയ്‍തുകൊണ്ടാണ് ഏരൂർ പഞ്ചായത്തുതല പ്രവേശനോത്സവം ഏരൂർ ഗവണ്മെന്റ് എൽ പി എസ്സിൽ വെച്ച് നടന്നത്. പി റ്റി എ പ്രസിഡന്റ് സന്ധ്യാ ബിനുവിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് റ്റി അജയൻ ഉദ്ഘാടനം ചെയ്‍തു. വിദ്യാലയങ്ങൾ ഇന്ന് മികവിന്റെ കേന്ദ്രങ്ങളായി മാറുകയാണെന്നും പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിനു തന്നെ മാതൃകയാകുന്ന നിലയിലേക്ക് മാറിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. 

മധുര പലഹാരങ്ങൾ നൽകിയാണ് കുട്ടികളെ വരവേറ്റത്. ഈ അധ്യായന വർഷം നൂറോളം കുട്ടികളാണ് അഡ്മിഷൻ എടുത്തത്. അതിൽ എഴുപതോളം കുട്ടികൾ ഒന്നാം ക്ലാസ്സിൽ എത്തിച്ചേർന്നു. പ്രീ പ്രൈമറി ഉൾപ്പെടെ മുഴുവൻ ക്ലാസ്സുകളിലുമായി നാനൂറോളം വിദ്യാർഥികളാണ് പഠിക്കുന്നത്. 1,2,3 ക്ലാസുകൾ മൂന്ന് ഡിവിഷൻ വീതവും നാലാം ക്ലാസ് നാല് ഡിവിഷൻ വീതവുമാണ് ഉള്ളത്. 

പൊതുവിദ്യാലയങ്ങളിലെ പഠനം മികവുറ്റതാക്കാൻ ധാരാളം പദ്ധതികളാണ് പഞ്ചായത്ത് ഈ വർഷം ആസൂത്രണം ചെയ്യുന്നത്. ഒന്നാം ക്ലാസ്സ് ഹൈ ടെക് ആക്കുന്ന പദ്ധതിയും പ്രീ പ്രൈമറി ക്ലാസ്സുകൾ ഇൻ്റർനാഷണൽ നിലവാരത്തിൽ എത്തിക്കുന്ന പദ്ധതിയും ഉടൻ നടപ്പിലാക്കും. കൂടാതെ കുട്ടികൾക്കായി പ്രത്യേക പാർക്കും സജ്ജീകരിക്കുന്നുണ്ട്. 

ലോഗോയുടെ പ്രകാശനം നിവ്വഹിക്കുന്നു

ഉദ്ഘാടന ചടങ്ങിനിടെ ഏരൂർ എൽ പി എസിനായി പുതുതായി തയ്യാറാക്കിയ ലോഗോയുടെ പ്രകാശനം നിവ്വഹിച്ചു. സ്കൂളിലെ അധ്യാപകരുടെ തന്നെ സഹായത്താൽ നിർമ്മിച്ച ലോഗോ ഏരൂർ ഗ്രാമത്തിൻ്റെ ചരിത്രം വ്യക്തമാക്കുന്നതാണ്.