ഏരൂർ ജി എൽ പി എസിൽ സംഘടിപ്പിച്ച പ്രീ പ്രൈമറി കഥോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി സി അംബികാ കുമാരി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ശ്രീമതി സന്ധ്യാ ബിനു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ മനോജ് കുമാർ സ്വാഗതം ആശംസിച്ചു. കവയത്രിയും അധ്യാപികയുമായ ശ്രീമതി ആശ ബി വിഷയാവതരണം നടത്തി. കഥ പറച്ചിലിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ആശ ടീച്ചർ വിശദമായി സംസാരിച്ചു. പലതരം കുട്ടിക്കഥകൾ പറഞ്ഞ് ടീച്ചർ കുട്ടികളുടെ മനം കവർന്നു. കഥോത്സവം നടത്തേണ്ടതിന്റെ ആവശ്യകതയെ പറ്റിയും അതിൻ്റെ ഉദ്ദേശ ലക്ഷ്യങ്ങളെ പറ്റിയും സി ആർ സി കോർഡിനേറ്ററായ ശ്രീമതി മിനി ജെ സംസാരിച്ചു. പ്രീ പ്രൈമറി അധ്യാപിക ശ്രീമതി അഞ്ചു എസ് വി കഥോത്സവത്തിന് ആശംസകൾ അറിയിച്ചു. പ്രീ പ്രൈമറി അധ്യാപികയായ ശ്രീമതി സുമ എസ് നന്ദി അറിയിച്ചു.

ഉദ്ഘാടന ചടങ്ങിന് ശേഷം കുട്ടികളുടെ കലാ പരിപടികളാണ് സ്റ്റേജിൽ അരങ്ങേറിയത്. കുട്ടികളുടെ രസകരമായ കഥപറച്ചിൽ രക്ഷിതാകളോടൊപ്പം അധ്യാപകരും ആസ്വദിച്ചു. കൂടാതെ കുട്ടികൾ തന്നെ അവതരിപ്പിച്ച കുട്ടിക്കഥകളുടെ ദൃശ്യാവിഷ്കാരം വളരെയേറെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചു. 'ബുദ്ധിമാനായ തൊപ്പിക്കാര'ൻ്റെ കഥയും 'അഹങ്കാരിയായ തയ്യൽക്കാര'ന്റെ കഥയും വളരെ മനോഹരമായി കുട്ടികൾ വേദിയിൽ അവതരിപ്പിച്ചു. കുട്ടികളുടെ രസകരമായ അവതരണത്തിന് ശേഷം രക്ഷിതാക്കളും ഈ പരിപാടിയിൽ പങ്കാളികളായി. വളരെ മനോഹരമായി കഥകൾ പറഞ്ഞും പാട്ടു പാടിയും രക്ഷിതാക്കളും അവരുടെ കഴിവുകൾ പ്രകടിപ്പിച്ചു.

കഥ പറച്ചിലിലൂടെ പ്രീ സ്കൂൾ കുട്ടികൾ ആർജ്ജിക്കേണ്ടതായ ശേഷികളും വികാസങ്ങളും നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തുടനീളം നടത്തുന്ന പരിപാടിയാണ് കഥോത്സവം. മാതൃഭാഷയുടെ മാധുര്യം ആവോളം നുകരാൻ ഈ പരിപാടിയിലൂടെ കുട്ടികൾക്ക് സാധിക്കുന്നു.

കഥോത്സവവുമായി ബന്ധപ്പെട്ട് പ്രീ പ്രൈമറി അധ്യാപകർക്ക് 3 ദിവസത്തെ പ്രത്യേക പരിശീലനം നൽകിയിരുന്നു. ഇതിനെ തുടർന്ന് സംഘാടക സമിതി രൂപീകരിക്കുകയും അതിൽ കഥോത്സവത്തിന്റെ കോർഡിനേറ്റർ ആയി പ്രീ പ്രൈമറി അധ്യാപികയായ ശ്രീമതി ലീലാമ്മ അലക്സ് ടീച്ചറിനെ തിരഞ്ഞെടുക്കുകയും ചെയ്തു. 'കഥോത്സവം 2023' മികച്ച വിജയമാകുന്നതിൽ മുഖ്യ പങ്ക് വഹിച്ച അധ്യാപകരെയും രക്ഷിതാക്കളെയും വിസ്മരിക്കാൻ കഴിയില്ല

കഥോത്സവം പരിപാടിയുടെ കൂടുതല്‍ ചിത്രങ്ങള്‍